Thursday, October 08, 2026

🦋 Meditation verse - ലൂക്കൊസ് 18:13 , ലൂക്കൊസ് 18:13 / 23:42

 ആധവൻ ധ്യാനം 

ലക്കം :- 2070 - തീയതി :- 09.10.2026

"ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ...."  (ലൂക്കൊസ് 18:13, NIBV)

"യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ...."  (ലൂക്കൊസ് 18:13 / 23:42, NIBV)

ഇന്നത്തെ ധ്യാനവാക്യങ്ങൾ വിശുദ്ധ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ചുരുങ്ങിയതും എന്നാൽ ശക്തിയേറിയതുമായ രണ്ട് പ്രാർത്ഥനകളെയാണ് നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നത്. വാചകക്കസർത്തുകളിലല്ല, മറിച്ച് ഹൃദയത്തിന്റെ ആത്മാർത്ഥമായ വെളിപ്പെടുത്തലിലാണ് പ്രാർത്ഥനയുടെ ശക്തി അടങ്ങിയിരിക്കുന്നത് എന്ന് ഇവ നമ്മെ ഓർമ്മിപ്പിക്കുന്നു.

ഇന്ന് പലരും കരുതുന്നത് ദൈവത്തോട് ധാരാളം വാക്കുകൾ പറയുന്നതും ബൈബിളിലെ വാഗ്ദത്ത വചനങ്ങൾ നിരത്തിവെച്ചു പ്രാർത്ഥിക്കുന്നതുമാണ് ശക്തിയേറിയ പ്രാർത്ഥന എന്നാണ്. അതിനാൽ പ്രാർത്ഥനയിൽ തങ്ങൾക്കറിയാവുന്ന വാക്യങ്ങളെല്ലാം മണിക്കൂറുകളോളം അട്ടക്കിവെച്ച് സംസാരിക്കാറുണ്ട്. പല വിശ്വാസികളും ഇത്തരത്തിൽ പ്രാർത്ഥിക്കുന്നതാണ് നല്ലതെന്ന് തെറ്റിദ്ധരിക്കുന്നു. ഇതുമൂലം പലപ്പോഴും പ്രാർത്ഥിക്കുന്നവരിൽ അറിയാതെ തന്നെ അഹങ്കാരം ഉടലെടുക്കാൻ കാരണമാകുന്നു. ഇത്തരം പ്രാർത്ഥനകൾ വ്യർത്ഥമാണ്.

നമ്മുടെ കർത്താവായ യേശുക്രിസ്തു അരുളിച്ചെയ്തു:

"പ്രാർത്ഥിക്കുമ്പോൾ ജാതികളെപ്പോലെ വ്യർത്ഥവാക്കു പറയരുത്; വാക്കുകളുടെ ബാഹുല്യത്താൽ തങ്ങളുടെ പ്രാർത്ഥന കേൾക്കപ്പെടും എന്ന് അവർ കരുതുന്നു. ആകയാൽ അവരോടു സമരാകരുത്; നിങ്ങൾക്ക് ആവശ്യമുള്ളത് ഇന്നത് എന്ന് നിങ്ങൾ ചോദിക്കുന്നതിനു മുമ്പേ നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ." (മത്തായി 6:7, 8, NIBV)

ഇന്നത്തെ ധ്യാനത്തിലെ ആദ്യത്തെ പ്രാർത്ഥന, *"ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ...." * (ലൂക്കൊസ് 18:13) എന്നുള്ളതാണ്. ഇത് ചുങ്കക്കാരൻ കഴിച്ച പ്രാർത്ഥനയാണ്. എല്ലാവരാലും പാപികൾ എന്ന് മാറ്റിനിർത്തപ്പെട്ടവരായിരുന്നു ചുങ്കക്കാർ. എന്നാൽ അവൻ കഴിച്ച പ്രാർത്ഥന ദൈവം അംഗീകരിച്ചു. കാരണം, താൻ ഒരു പാപിയാണെന്ന് അവൻ പൂർണ്ണമനസ്സോടെ സമ്മതിക്കുകയും അത് ഏറ്റുപറയുകയും ചെയ്തു എന്നതാണ്.

അടുത്ത പ്രാർത്ഥന ക്രൂശിലെ കള്ളൻ കഴിച്ചതാണ്: *"യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ...." * (ലൂക്കൊസ് 23:42). തന്നെത്താൻ താഴ്ത്തി അവൻ കഴിച്ച ഈ പ്രാർത്ഥനയെ കർത്താവ് അംഗീകരിച്ചു. കള്ളനായ അവൻ വിവിധ തരം പാപങ്ങൾ ചെയ്തവനാണ്; ഒരുപക്ഷേ കൊലപാതകം പോലും ചെയ്തിട്ടുണ്ടാകാം. എന്നാൽ അവൻ ക്രിസ്തുവിനെ മശിഹായായി അംഗീകരിച്ചതിനാൽ ഈ അപേക്ഷ യേശുക്രിസ്തുവിന്റെ മുമ്പാകെ സമർപ്പിച്ചു.

"എന്റെ പാപങ്ങൾ ക്ഷമിക്കേണമേ" എന്ന് അവൻ ചോദിച്ചില്ലെങ്കിലും, സ്വർഗ്ഗരാജ്യത്തിൽ എത്തണം എന്ന തന്റെ ഹൃദയാഭിലാഷമാണ് അവൻ വെളിപ്പെടുത്തിയത്. അതായത് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നതിന് പാപമാണ് പ്രധാന തടസ്സം എന്ന് പോലും അറിയാത്തവനായിരുന്നിരിക്കാം അവൻ. എങ്കിലും:

യേശു അവനോട്: "ഇന്ന് നീ എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും എന്ന് സത്യമായിട്ട ഞാൻ നിന്നോടു പറയുന്നു" എന്ന് പറഞ്ഞു. (ലൂക്കൊസ് 23:43, NIBV)

അതെ പ്രിയമുള്ളവരേ, പ്രാർത്ഥന എന്നത് നമ്മളും ദൈവവും തമ്മിലുള്ള ഒരു സംഭാഷണമാണ്. "എനിക്ക് പ്രാർത്ഥിക്കാൻ അറിയില്ലല്ലോ" എന്ന് ഓർത്ത് ആരും വിഷമിക്കേണ്ടതില്ല. ദൈവം വാക്കുകളുടെ അലങ്കാരത്തെയല്ല, മറിച്ച് തകർന്ന മനസ്സോടെ നമ്മുടെ ഹൃദയത്തിൽ നിന്ന് പുറത്തുവരുന്ന ഏതാനും വാക്കുകളെയാണ് ശ്രേഷ്ഠമായ പ്രാർത്ഥനയായി അംഗീകരിക്കുന്നത്. അവയ്ക്ക് അവിടുന്ന് ഉടനടി മറുപടിയും നൽകുന്നു.

✒ സഹോദരൻ എം. ജിയോ പ്രകാശ് ✒️

No comments:

சமீபத்தியக் கட்டுரைகள் (Latest Articles)

🦋 Meditation verse - യിരെമ്യാവ് 31:18

  ആധവൻ ധ്യാനം  നം.: 2071 — തീയതി: 10.10.2026 "നീ എന്നെ ശിക്ഷിച്ചു, മെരുങ്ങാത്ത കാളക്കുട്ടിയെപ്പോലെ ഞാൻ ശിക്ഷിക്കപ്പെട്ടു; എന്നെ മടക്ക...