Tuesday, September 29, 2026

🦋 Meditation - ധ്യാനം - എബ്രായർ 11:4

 ꧁༺ആധവൻ ധ്യാനം༻꧂

എണ്ണം: 2063 — തീയതി: 02.10.2026


"വിശ്വാസത്താൽ ആബേൽ കയീന്റേതിലും ശ്രേഷ്ഠമായ യാഗം ദൈവത്തിനു അർപ്പിച്ചു; അതിനാൽ അവൻ നീതിമാൻ എന്നു സാക്ഷ്യം പ്രാപിച്ചു; അവന്റെ വഴിപാടുകൾക്കു ദൈവം തന്നെ സാക്ഷ്യം നൽകി; അവൻ മരിച്ചിട്ടും വിശ്വാസത്താൽ ഇന്നും സംസാരിക്കുന്നു." — എബ്രായർ 11:4

ദൈവത്തിനു യാഗം അർപ്പിക്കുന്നതിനെക്കുറിച്ചാണ് ഇന്നത്തെ ധ്യാനവാക്യം ഓർമ്മിപ്പിക്കുന്നത്. പഴയ നിയമത്തിൽ വിവിധ തരത്തിലുള്ള യാഗങ്ങളുണ്ടായിരുന്നു. ലേവ്യപുസ്തകത്തിൽ നാം അവയെക്കുറിച്ച് വായിക്കുന്നുണ്ട്. എന്നാൽ പുതിയ നിയമ വിശ്വാസികളായ നാം ആടുമാടുകളെയോ എരുതുകളെയോ പഴയ നിയമത്തിൽ പറഞ്ഞിരിക്കുന്ന മറ്റു യാഗങ്ങളെയോ അർപ്പിക്കേണ്ടതില്ല.

പഴയ നിയമ കാലത്തായാലും പുതിയ നിയമ കാലത്തായാലും, "ദൈവത്തിനു പ്രസാദമുള്ള യാഗങ്ങൾ തകർന്ന ആത്മാവാകുന്നു; തകർന്നതും തണുത്തതുമായ ഹൃദയത്തെ, ദൈവമേ, അവിടുന്ന് തള്ളിക്കളയുകയില്ല" എന്ന് ദാവീദ് പറയുന്നു (സങ്കീർത്തനങ്ങൾ 51:17). അതെ, പാപബോധം പ്രാപിച്ച് തകർന്ന ഹൃദയമുള്ളവരെ ദൈവം തള്ളിക്കളയുകയില്ല; അവയാണ് ദൈവം ആഗ്രഹിക്കുന്ന യാഗം.

ഇന്നത്തെ ധ്യാനവാക്യത്തിൽ, വിശ്വാസത്താൽ ആബേൽ കയീന്റേതിലും ശ്രേഷ്ഠമായ യാഗം ദൈവത്തിനു അർപ്പിച്ചു എന്ന് പറഞ്ഞിരിക്കുന്നു. ശ്രേഷ്ഠമായ യാഗം എന്നാൽ, നമ്മിലുള്ളതിൽ ഏറ്റവും മികച്ചത് ദൈവത്തിനായി നൽകുന്നതാണ്. കയീനും ആബേലും യാഗം അർപ്പിച്ചു. ആബേൽ ഏറ്റവും നല്ലതിനെ തിരഞ്ഞെടുത്ത് ദൈവത്തിനായി അർപ്പിച്ചു. എന്നാൽ കയീനാകട്ടെ, യാഗം അർപ്പിക്കണമെന്ന ചിന്ത മാത്രം ഉള്ളവനായി ചിലത് കൊണ്ടുപോകുക മാത്രം ചെയ്തു.

ഇതിനെക്കുറിച്ച് നാം ഇപ്രകാരം വായിക്കുന്നു: "കുറെക്കാലം കഴിഞ്ഞശേഷം കയീൻ നിലത്തിലെ അനുഭവത്തിൽനിന്നു യഹോവയ്ക്കു ഒരു വഴിപാടു കൊണ്ടുവന്നു. ആബേലും തന്റെ ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്നും അവയുടെ കൊഴുപ്പുള്ളവയിൽനിന്നും ചിലതു കൊണ്ടുവന്നു. യഹോവ ആബേലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു. എന്നാൽ കയീനിലും അവന്റെ വഴിപാടിലും അവിടുന്ന് പ്രസാദിച്ചില്ല." — ഉല്പത്തി 4:3–5

കയീൻ നിലത്തിലെ അനുഭവത്തിൽനിന്നു യഹോവയ്ക്കു ഒരു വഴിപാടു കൊണ്ടുവന്നു; എന്നാൽ ആബേൽ തന്റെ ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്നും അവയുടെ കൊഴുപ്പുള്ളവയിൽനിന്നും കൊണ്ടുവന്നു എന്നത് ശ്രദ്ധേയമാണ്. അതെ പ്രിയമുള്ളവരേ, നാമും ഇതുപോലെ നമ്മിലുള്ളതിൽ ഏറ്റവും മികച്ചത് ദൈവത്തിനായി നൽകുവാൻ മുന്നോട്ടുവരണം.

ദൈവം നമ്മുടെ പൊന്നിനെയോ പണത്തിനെയോ വലുതായി കരുതുന്നില്ല. നമ്മിലുള്ളതിൽ ഏറ്റവും മികച്ചതായി ദൈവം കരുതുന്നത് നമ്മുടെ ശരീരത്തെയും ഹൃദയത്തെയുമാണ്. അവയെയാണ് നാം അവിടുത്തേക്ക് യാഗമായി അർപ്പിക്കേണ്ടത്. പാപക്കറയില്ലാത്ത ശരീരവും ഹൃദയവുമാണ് ദൈവം ആഗ്രഹിക്കുന്ന ഏറ്റവും നല്ല വഴിപാട്.

"ആകയാൽ സഹോദരന്മാരെ, ഞാൻ ദൈവത്തിന്റെ കരുണ നിമിത്തം നിങ്ങളെ പ്രബോധിപ്പിക്കുന്നു: നിങ്ങൾ നിങ്ങളുടെ ശരീരങ്ങളെ ദൈവത്തിനു പ്രസാദമുള്ള ജീവനും വിശുദ്ധിയുമുള്ള യാഗമായി സമർപ്പിപ്പിൻ; ഇതാകുന്നു നിങ്ങളുടെ ബുദ്ധിയുള്ള ആരാധന." — റോമർ 12:1

കയീന്റേതിലും ശ്രേഷ്ഠമായ യാഗം ദൈവത്തിനു അർപ്പിച്ച ആബേലിനെപ്പോലെ നാമും ശ്രേഷ്ഠമായവ ദൈവത്തിനു സമർപ്പിക്കണം. അങ്ങനെ അർപ്പിച്ചതുകൊണ്ടാണ് ആബേൽ നീതിമാൻ എന്ന് സാക്ഷ്യം പ്രാപിച്ചത്; അവന്റെ വഴിപാടുകളെക്കുറിച്ച് ദൈവം തന്നെ സാക്ഷ്യം നൽകി; അവൻ മരിച്ചിട്ടും ഇന്നും സംസാരിക്കുന്നു. അതെ പ്രിയമുള്ളവരേ, ഇന്ന് പുതിയ നിയമ ജനങ്ങളായ നാം നമ്മുടെ ശരീരത്തെയും ഹൃദയത്തെയും വിശുദ്ധിയോടെ കാത്തുകൊണ്ട് ദൈവത്തിനു സമർപ്പിക്കാം.

ഇങ്ങനെ നമ്മെ ദൈവത്തിനു പ്രസാദമുള്ള യാഗമായി സമർപ്പിച്ചാൽ, കർത്താവായ യേശുക്രിസ്തു പിതാവിന്റെ മുൻപിൽ നമ്മെക്കുറിച്ച് സാക്ഷ്യം പറയും.

"മനുഷ്യരുടെ മുൻപിൽ എന്നെ ഏറ്റുപറയുന്ന ഏവനെയും മനുഷ്യപുത്രനും ദൈവ ദൂതന്മാരുടെ മുൻപിൽ ഏറ്റുപറയും. മനുഷ്യരുടെ മുൻപിൽ എന്നെ തള്ളിക്കളയുന്നവനെ ദൈവ ദൂതന്മാരുടെ മുൻപിൽ തള്ളിക്കളയും എന്നു ഞാൻ നിങ്ങളോടു പറയുന്നു." — ലൂക്കോസ് 12:8–9

അതെ, ക്രിസ്തുവിനെ ഏറ്റുപറയുന്ന സാക്ഷ്യമുള്ള ഒരു ജീവിതം നമുക്ക് ജീവിക്കാം. അതുതന്നെയാണ് ഏറ്റവും ശ്രേഷ്ഠമായ യാഗം.

✒ സഹോദരൻ എം. ജിയോ പ്രകാശ് ✒️

No comments:

சமீபத்தியக் கட்டுரைகள் (Latest Articles)

🏫 Bible Meditation - September 2026

  Meditation  – 2032                                                                                                                        ...