ആധവൻ ധ്യാനം
നമ്പർ :- 2061 - തീയതി :- 30.09.2026
"ആ ദിവസങ്ങളുടെ ശേഷം ഞാൻ അവരോടു ചെയ്‍വാനിരിക്കുന്ന നിയമം ഇതു ആകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഹൃദയത്തിൽ ആക്കി അവരുടെ ഉള്ളത്തിൽ എഴുതും എന്ന് കർത്താവ് അരുളിച്ചെയ്യുന്നു.." ( എബ്രായർ 10 : 16 )
പുതിയ നിയമ ഉടമ്പടിയെക്കുറിച്ചാണ് ഇന്നത്തെ ധ്യാന വാക്യം പ്രസ്താവിക്കുന്നത്. മോശെയിലൂടെ ദൈവം ഇസ്രായേൽ ജനത്തിന് നിരവധിയായ കൽപ്പനകൾ നൽകി. ആ കൽപ്പനകളെപ്പോലെ ലോകത്തിൽ വേറാരും ലഭിച്ചിട്ടില്ല. "ഇന്നു ഞാൻ നിങ്ങളുടെ മുൻപിൽ വെക്കുന്ന ഈ ന്യായപ്രമാണം മുഴുവനും പോലെ ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള വലിയ ജാതി ഏതുള്ളൂ?" ( ആവർത്തനം 4 : 8 ) എന്ന് എഴുതപ്പെട്ടിരിക്കുന്നു.
പുറപ്പാട് മുതൽ ആവർത്തനം വരെ പറഞ്ഞിരിക്കുന്ന കൽപ്പനകൾ, ദൈവം ആ ജനത്തെ നേർവഴി നടത്താനും മറ്റു ജനവിഭാഗങ്ങളിൽ നിന്ന് താൻ തിരഞ്ഞെടുത്ത ജനത്തെ വിശേഷപ്പെട്ടവരാക്കി മാറ്റാനും നൽകിയവയാണ്. ഇത്രയും നീതിയുള്ള കൽപ്പനകളും വിധികളും ദൈവം വേറെ ആർക്കും നൽകിയിട്ടുമില്ല. ഈ കൽപ്പനകൾ ആകെ 613 ആണെന്ന് വേദപണ്ഡിതന്മാർ കണക്കാക്കിയിട്ടുണ്ട്.
ഒരു ഉത്തമ യഹൂദൻ എന്ന് പറയുന്നത് ഈ കൽപ്പനകൾ പ്രമാണിക്കുന്നവനാണ് എന്ന് വേദപണ്ഡിതന്മാരും പരീശന്മാരും കരുതിയിരുന്നു. അതിനാൽ, അവർ ഈ കൽപ്പനകൾക്ക് പ്രാധാന്യം നൽകി ജീവിച്ചു. എന്നാൽ ആ ജനം കൽപ്പനകൾക്ക് നൽകിയ പ്രാധാന്യം സ്നേഹത്തിനും മാനവികതയ്ക്കും നൽകിയില്ല.
കൽപ്പനകൾ അനുസരിക്കുന്നതുപോലെ സ്നേഹത്തെയും നീതിയെയും ഉപേക്ഷിക്കാതിരിക്കണമെന്ന് യേശുക്രിസ്തു ഊന്നിപ്പറഞ്ഞു. "കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് അയ്യോ കഷ്ടം! നിങ്ങൾ തുളസി, ചതകുപ്പ, ജീരകം എന്നിവയിൽ പത്തൊന്നു കൊടുക്കുകയും ന്യായപ്രമാണത്തിൽ പ്രധാനമായ നീതി, കരുണ, വിശ്വാസം എന്നിവ തള്ളിക്കളയുകയും ചെയ്യുന്നു; ഇത് ചെയ്കയും അത് ഉപേക്ഷിക്കാതിരിക്കയും വേണം." ( മത്തായി 23 : 23 )
അതെ പ്രിയമുള്ളവരെ, ന്യായപ്രമാണ കൽപ്പനകൾ പാലിക്കുന്നത് കൊണ്ട് മാത്രം ആരും നീതിമാനാകുന്നില്ല. "ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ലല്ലോ." ( ഗലാത്യർ 2 : 16 ) എന്ന് വേദപുസ്തകം പറയുന്നത് ഇതുകൊണ്ടാണ്. ഉള്ളിലെ മനുഷ്യനിൽ മാറ്റമുണ്ടാകാതെ ചെയ്യുന്ന ഒരു പ്രവൃത്തിയും ദൈവത്തിന് പ്രസാദകരമാകാൻ കഴിയില്ല.
ഇത്രയും കൽപ്പനകൾ ദൈവം നൽകിയിട്ടും മനുഷ്യനെ നീതിയുടെ പാതയിൽ നടത്താൻ ന്യായപ്രമാണം ബലഹീനമായിപ്പോയി. അതിനാൽ, അത് മനുഷ്യനുവേണ്ടി ദൈവം തന്നെ ചെയ്തുതീർക്കാൻ തീരുമാനിച്ചു. അതാണ് ക്രിസ്തുവിലൂടെ രൂപപ്പെട്ട പുതിയ കൃപയുടെ ഉടമ്പടി.
"അതെങ്ങനെയെന്നാൽ, ജഡത്താൽ ബലഹീനമായിരുന്ന ന്യായപ്രമാണത്തിന് കവിയാഞ്ഞതിനെ ദൈവം ചെയ്തു: തന്റെ സ്വന്ത പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപംനിമിത്തവും അയച്ച്, ജഡത്തിൽ പാപത്തിന് ശിക്ഷ വിധിച്ചു." ( റോമർ 8 : 3 ) അതിനാൽ, പാപത്തിന് നാം മരിച്ചവരായിരിക്കണമെങ്കിൽ ക്രിസ്തുവിൽ വിശ്വസിച്ച് അവിടുത്തെ കൃപയ്ക്ക് അധീനരാകണമല്ലാതെ കൽപ്പനകൾക്കല്ല.
കൽപ്പനകളുടെ എണ്ണമല്ല, മറിച്ച് ക്രിസ്തുവിന്റെ നീതിയുടെ പ്രമാണം നമ്മുടെ ഉള്ളങ്ങളിൽ എഴുതപ്പെടണം. അപ്പോൾ, സത്യആത്മാവ് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന് ബോധം വരുത്തും. (യോഹന്നാൻ 16:8)
ക്രിസ്തുവിനായി നമ്മെത്തന്നെ സമർപ്പിക്കുമ്പോൾ, ക്രിസ്തുവിന്റെ പ്രമാണങ്ങളെ നമ്മുടെ ഹൃദയങ്ങളിൽ വെച്ച്, അവയെ അവൻ നമ്മുടെ മനസ്സിൽ എഴുതും എന്ന് പറയുന്നു. ഇത് ക്രിസ്തുവിന്റെ കൃപയാൽ നമുക്ക് ലഭിക്കുന്നു. "നിങ്ങൾ ന്യായപ്രമാണത്തിനുകീഴല്ല, കൃപയ്ക്കത്രേ അധീനരാകയാൽ പാപം നിങ്ങളുടെമേൽ വാഴുകയില്ല." ( റോമർ 6 : 14 ) അതെ, പാപം നമ്മെ കീഴ്പ്പെടുത്താതിരിക്കാൻ പുതിയ ഉടമ്പടി നമ്മുടെ മനസ്സിൽ എഴുതപ്പെടുന്നു.
ചുരുക്കത്തിൽ - കല്പലകകളിൽ എഴുതപ്പെട്ട പഴയ കൽപ്പനകൾ സ്നേഹത്തെ മറക്കാൻ ഇടയാക്കി; ഹൃദയത്തിൽ എഴുതപ്പെട്ട പുതിയ ഉടമ്പടി കൃപയാൽ സ്നേഹം പ്രായോഗികമാക്കി നാം വിശുദ്ധിയോടെ ജീവിക്കാൻ സഹായിക്കുന്നു.
✒ സഹോദരൻ എം. ജിയോ പ്രകാശ് ✒️
No comments:
Post a Comment